blog single post
education

പരീക്ഷ മാറ്റിവെയ്ക്കാന്‍ പറഞ്ഞതല്ലേ

കീം പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടംകൂടിയ സംഭവത്തില്‍ കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. കേസ് പിന്‍വലിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. കുട്ടികളുടെ പേരും വിലാസവും ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഞാനും വിദ്യാർഥികളും രാഷ്ട്രീയ നേതാക്കളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ 48 മണിക്കൂറിൽ പരീക്ഷ എഴുതിയ നിരവധി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒഴിവാക്കാമായിരുന്ന പരീക്ഷയാണ്. കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ വീഴ്ച മറച്ചുവെയ്ക്കാന്‍ ജനങ്ങളുടെ മേല്‍ പഴിചാരുകയാണ്. ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്'- ശശി തരൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.