ഐ.എസ്.എല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഹൈദരാബാദ് എഫ്.സി. 35-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോൾ നേടിയത്. ഹാളിചരൺ നർസാരിയുടെ ഷോട്ട് പെനാൽറ്റി ബോക്സിൽ ഒഡിഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറുടെ കൈയിൽ തട്ടിയതിനായിരുന്നു പെനാൽറ്റി. ടെയ്ലർക്ക് ഇതിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഹൈദരാബാദ് അർഹിച്ച വിജയമാണ് നേടിയത്. മത്സരം തുടങ്ങി ആദ്യ 15 മിനിറ്റുകൾക്കുള്ളിൽ നാല് ഗോൾ ശ്രമങ്ങൾ അവർ നടത്തി. അഞ്ചാം മിനിറ്റിൽ ലൂയിസ് സാസ്ത്രെയുടെ കോർണറിൽ നിന്ന് അരിഡാനെ സന്റാന തൊടുത്ത ഹെഡർ ഒഡിഷ ബോക്സിന് പുറത്തേക്ക് പോയി. ഏഴാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്ന് ആകാശ് മിശ്രയുടെ ഷോട്ട് ഒഡിഷ ഗോൾകീപ്പർ അർഷ്ദീപ് സിങ് പിടിച്ചു.