കൊച്ചി: ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണെന്ന് ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ഥികളോട് പറയണമെന്നും മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
2002ല്‍ കോവളത്ത് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അന്നത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാണ്. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍.
അതിനെ തുടര്‍ന്നാണ് കേരളത്തില്‍ 32 ദിവസം നീണ്ട സമരം നടക്കാനിടയായത്. കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയത്.
ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ? ഇപ്പോള്‍ ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു ചേര്‍ന്നു. യുവജനങ്ങളെ തെറ്റിധരിപ്പിക്കാനും വഞ്ചിചിക്കാനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്‍വം സ്വീകരിച്ച് വരുന്നത്.
കൂടാതെ റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
ജോലി ലഭിക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ആഗ്രഹം കാണും. അതുവച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കുത്സിത പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്തുനടന്ന നിയമനങ്ങള്‍ മുഖ്യമന്ത്രി കണക്കുകള്‍ പ്രകാരം വ്യക്തമാക്കി.
#kerala #psc #ranklist #cm #ldf #udf #pinarayi #oommenchandy #ummenchandy;