മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ കര്‍ഷകരെ ആക്രമിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സോറം ഗ്രാമത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരുമാണ് കര്‍ഷകര്‍ക്കു നേരെ ആക്രമണം നടത്തിയതെന്നും സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും രാഷ്ട്രീയ ലോക്ദള്‍(ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി ട്വീറ്റ് ചെയ്തു.
കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിക്കുന്നില്ലെങ്കില്‍ നന്നായി പെരുമാറിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു. കര്‍ഷകരെ ബഹുമാനിക്കുക. പുതിയ നിയമങ്ങളുടെ നേട്ടങ്ങള്‍ പറയുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ ഗുണ്ടാസംഘത്തെ ഗ്രാമവാസികള്‍ സഹിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഷാപ്പൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ സോറം ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി 20ന് മുസഫര്‍നഗര്‍ ജില്ലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രസംഗിച്ചിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.