പള്ളിവാസൽ പവർ ഹൗസിന് സമീപം പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ ബന്ധു അനുവിനെയാണ് സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ദൂരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിൽനിന്നുള്ള നിഗമനം.ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി ചിലർ വിവരമറിയിച്ചത്. അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയതോടെയാണ് കാട്ടിനുള്ളിൽ പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.