blog single post
Latest

സാറയുടെ കൊലപാതകം !

ലണ്ടന്‍: ലണ്ടന്‍ തെരുവിൽ മാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട സാറാ എവെറാര്‍ഡിന്റെ ഓർമ്മയിൽ ലണ്ടൻ തെരുവുകളിൽ പ്രക്ഷോഭം കനക്കുന്നു. ശനിയാഴ്‌ച്ച സാറയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുകൂടിയവരോട് പൊലീസ് കാണിച്ച അതിക്രമം എരിതീയിൽ എണ്ണയൊഴിക്കും വിധമായി.


മുഴുവന്‍ ബ്രിട്ടീഷ് ജനതയുടെയും ആശങ്കകളുടെ പ്രതീകമായി സാറ മാറിയതോടെ ബ്രിട്ടീഷ് തെരുവുകളില്‍ സ്ത്രീ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താം എന്നതിനെ കുറിച്ച്‌ ആലോചിക്കുവാനായി ഇന്ന് ക്രൈം ആന്‍ഡ് ജസ്റ്റിസ് ടാസ്‌ക്ഫോഴ്സിന്റെ ഒരു യോഗം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍  വിളിച്ചുചേര്‍ത്തിട്ടുണ്ട്. സാറയുടെ മരണശേഷം നിരവധി സ്ത്രീകള്‍ അവര്‍ക്ക് തെരുവുകളില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും അപമാനിക്കലുകളുമെല്ലാം തുറന്നുപറഞ്ഞ് എത്തിയിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്.

തികച്ചും വേദനാജനകമായ ഈ സംഭവം അക്രമങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് ജനതയെ ഒന്നിപ്പിക്കണം എന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ തടയാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ നമ്മള്‍ മുന്നോട്ട് പോകണം എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച്ച നടന്ന പൊലീസ് അതിക്രമവുമായി ബന്ധപെട്ട് കമ്മീഷണറുമായി സംസാരിച്ചു എന്നും അതിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഹോം സെക്രട്ടറിയും ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ട്.


 ഇന്നലെ പാര്‍ലമെന്റ് ചത്വരത്തിനു പുറത്ത് ന്യു സ്‌കോട്ട്ലാന്‍ഡ് യാര്‍ഡില്‍ ഇന്നലെ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി കോവിഡ് പ്രോട്ടോകോളുകൾ അവഗണിച്ചായിരുന്നു ഏകദേശം 1500 ഓളം വരുന്ന ജനക്കൂട്ടം അവിടെ തടിച്ചുകൂടിയത്.

മെറ്റ് പൊലീസ് ആസ്ഥാനത്തിനു ചുറ്റും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുപോലെ തൊട്ടടുത്തള്ള വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിമയ്ക്കും. കഴിഞ്ഞവര്‍ഷത്തെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭണത്തിനിടയില്‍ ഈ പ്രതിമ വികൃതമാക്കിയിരുന്നു. പൊലീസിനെതിരെ കടുത്ത ഭാഷയില്‍ മുദ്രാവാകും മുഴക്കിയ ജനക്കൂട്ടം, പ്രതിമകളേയല്ല വനിതകളേയാണ് സംരക്ഷിക്കേണ്ടതെന്നും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.


#UK #protesters #victim #Sarah #Everard