ന്യൂഡല്‍ഹി: 'ഒരു പട്ടി ചത്താല്‍ പോലും അനുശോചനം അറിയിക്കും. 250 കര്‍ഷകര്‍ ഇവിടെ മരിച്ചുവീണു. ഒരാള്‍ പോലും അനുശോചനം അറിയിച്ചില്ല' എന്ന രൂക്ഷമായ പ്രതികരണവുമായി മേഘാലയ ഗവര്‍ണര്‍ സത്യാപാല്‍ മാലിക്. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത നഷ്ടം വരുത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പ്രക്ഷോഭം ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ യു.പി, ഹരിയാന, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത നഷ്ടം നേരിടേണ്ടിവരും. കര്‍ഷക പ്രക്ഷോഭവുമായി ബന്ധെപ്പട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകരെ വെറുംകൈയോടെ തിരിച്ചയക്കാന്‍ പാടില്ല. കേന്ദ്രം ഉടന്‍തന്നെ കര്‍ഷകരുമായി തുറന്ന ചര്‍ച്ചക്ക് തയാറാകണമെന്ന് ഇരുവരോടും അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.
'ഞാന്‍ സര്‍ക്കാറിനെ ആക്രമിക്കുന്നുവെന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ ഞാന്‍ മാറിനില്‍ക്കും. ഗവര്‍ണര്‍ അല്ലെങ്കിലും ഞാന്‍ ഇതിനെതിരെ സംസാരിക്കും' -കേന്ദ്രത്തിനെതിരായ പ്രസ്താവനകളില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കഴിഞ്ഞദിവസവും അദ്ദേഹം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുനല്‍കുകയാണെങ്കില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷകരും സൈനികരും സംതൃപ്തരല്ലാത്ത ഒരു രാജ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമായിരുന്നു പ്രസ്താവന.
ജമ്മു കശ്മീര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്. ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ 2019 നവംബറിലാണ് ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതോടെയാണ് മാലിക്കിനെ ഗോവയിലേക്ക് സ്ഥലം മാറ്റി. പിന്നീട് ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിമര്‍ശിച്ചത് വിവാദമായിയിരുന്നു. ഇതോടെ മേഘാലയ ഗവര്‍ണറായി സ്ഥലം മാറ്റുകയായിരുന്നു.
#national #strike #india #farmers #modi #bjp #Meghalaya #governor