തിരുവനന്തപുരം: കേരളത്തില്‍ പിണറായി സർക്കാർ വീണ്ടും വന്നാല്‍ അത് സര്‍വ്വനാശം ആയിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നത് പിടിവാശിയായിരുന്നുവെന്നും തുടര്‍ഭരണമുണ്ടായാല്‍ പിബിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും എകെ ആന്റണി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത ആരോപണമാണ് ആന്റണി ഉന്നയിച്ചത്. പിണറായി വിജയന് സമുദായങ്ങളെ തമ്മില്‍ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ സിപിഎം മ്യൂസിയത്തില്‍ മാത്രമാണെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ടായ അപചയം അവര്‍ തന്നെയുണ്ടാക്കിയതാണെന്നും ആന്റണി കൂട്ടിച്ചേര്‍ന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി രീതികള്‍ മയപ്പെടുത്തി. എന്‍എസ് എസ് വിമര്‍ശനത്തില്‍ പിണറായി മാധ്യമങ്ങളെ പഴിചാരുകയാണ്. ശബരിമല യുവതി പ്രവേശനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് ഒരു മന്ത്രി പറയുന്നു. അതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ആന്റണി കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതാവ് കെപിസിസി പ്രസിഡന്റാണെന്ന് ആവര്‍ത്തിച്ച ആന്റണി കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വ്യക്തമാക്കി.
യുഡിഎഫില്‍ തികഞ്ഞ പ്രതീക്ഷയുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഇപ്പോള്‍ നേതാവായി കാണുന്നില്ല. കേരളത്തില്‍ കൂടുതല്‍ മികച്ച വിജയത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാത്തതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്ലാ നേതാക്കളും വിട്ടുവീഴ്ച ചെയ്തെന്നും പ്രതികരിച്ചു. മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്നത് യാഥാര്‍ത്ഥ്യമാണ്. മുന്നണി രാഷ്ട്രീയത്തില്‍ മേധാവിത്വം എന്നൊന്നില്ല. ഒരു പാര്‍ട്ടിയും മറ്റൊരു പാര്‍ട്ടിയുടെ അടിമയല്ല. വനിതാ പ്രാതിനിധ്യത്തില്‍ എല്ലാ പാര്‍ട്ടികളിലും വീഴ്ചയുണ്ടായി. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയെകുറിച്ച് നല്ല അഭിപ്രായമാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ നല്ല സ്വാധീനമുണ്ട്. ഇന്ന് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തില്‍ നല്ല സ്വാധീനമുള്ളതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
#akantony #pinarayivijayan #udf #ldf