പാനൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് പോലീസ്. കേസിൽ പത്തിലധികം പേർക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രാഥമിക നിഗമനം. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന സ്ഥലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരിൽ ലീഗ് പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷം മൻസൂറിനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു