കോവിഡ് വാക്സിനേഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന്റെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് ആവശ്യം വേഗത്തിലുള്ള സമ്പൂർണ വാക്സിനേഷൻ ആണ്. അല്ലാതെ മോദി സർക്കാരിന്റെ നിഷ്ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിൻ ക്ഷാമം മറയ്ക്കാനുള്ള ബിജെപിയുടെ പതിവ് നുണകളും മുദ്രാവാക്യങ്ങളും അല്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിനായ കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം വർധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിരന്തരമായ ശ്രമങ്ങൾ വൈറസ് വ്യാപനം സുഗമമാക്കുകയും ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിക്കുന്നു.