പെരിന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറമ്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബുധനാഴ്ച രാത്രിയിൽ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ചെരുപ്പ്-ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വിനീഷ് അതിക്രമിച്ചുകയറുകയായിരുന്നു.