blog single post
Keralam

വിദ്യാർഥിനിയുടെ കൊലപാതകം: തോക്കിൻ്റെ ഉറവിടം തേടി പോലീസ്

കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കോതമംഗലത്തെ ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നത്. ഇതിനുശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.അതിനിടെ, കേസിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാളുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കോതമംഗലത്തുനിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയോടെ ഇവർ കണ്ണൂരിലെത്തിയെന്നാണ് പോലീസ് കേന്ദ്രങ്ങളിൽനിന്നുള്ള വിവരം.രഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്. തോക്ക് മോഷ്ടിച്ചതാണോ അതോ ഏതെങ്കിലും കള്ളക്കടത്ത് സംഘങ്ങളിൽനിന്ന് വാങ്ങിയതാണോ എന്നതാണ് സംശയം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രഖിലിന്റെ ഫോണും വീട്ടിലെ മുറിയും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.എം.ബി.എ. പഠനം പൂർത്തീകരിച്ച രഖിലിന് നാട്ടിൽ ആരുമായും വലിയ സൗഹൃദങ്ങളില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പഠനത്തിന് ശേഷം ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തുവരികയായിരുന്നു. മൂന്നു ദിവസം മുമ്പാണ് വീട്ടിൽ അവസാനം വന്നത്. ഇടയ്ക്കിടെ ജോലിയുടെ ഭാഗമായി എറണാകുളത്തും കോഴിക്കോടും താമസിച്ചിരുന്നതിനാൽ ആർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. ഇയാളുടെ പെരുമാറ്റത്തിലും സംശയമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നതോടെയാണ് രഖിൽ കോതമംഗലത്തേക്കാണ് വന്നതെന്നും കൈയിൽ തോക്ക് ഉണ്ടായിരുന്നുവെന്നതും ബന്ധുക്കൾ അറിഞ്ഞത്. തോക്കുമായെത്തി പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയത് രഖിലാണെന്ന വിവരമറിഞ്ഞ് തങ്ങൾ ഞെട്ടിയെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം.


May be an image of drink and text