പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എൻഡിഎയിൽ ഭിന്നാഭിപ്രായം. എൻഡിഎ ഘടകകക്ഷിയായ ജെഡിയു പെഗാസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് അന്വേഷണം ആവശ്യപ്പെട്ടത്.
പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പെഗാസസില്‍ അന്വേഷണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ പരസ്യമാക്കണം.
ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. പാര്‍ലമെന്റിലും വിഷയം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം അവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയത്തില്‍ ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല.
